കോട്ടയം: വിരമിച്ചവര്‍ക്ക് പകരം നിയമനം വൈകുന്നതോടെ സംസ്ഥാനത്ത് പത്തിടങ്ങളില്‍ ആര്‍ടിഒമാരുടെ ഒഴിവ്. ഫയലുകള്‍ തീര്‍പ്പാക്കുന്നതിലും കാലതാമസം നേരിടുകയാണ്. ആര്‍ടിഒ ഇല്ലാത്തതിനാല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) യോഗം ചേരുന്നില്ല. ഡിപ്പാര്‍ട്ട്മെന്റ് പ്രമോഷന് കമ്മിറ്റിയും (ഡിപിസി) നടക്കുന്നില്ല. നാഥനില്ലാതെ മാസങ്ങളായ ഓഫീസുകളുമുണ്ട്.
കോട്ടയം, ആലപ്പുഴ എന്‍ഫോഴ്സ്മെന്റ്, വടകര റൂറല്‍, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ആര്‍ടിഒയും എന്‍ഫോഴ്സമെന്റ് ആര്‍ടിഒയും കെഎസ്ആര്‍ടിസിയില്‍ ആര്ടിഒയുമില്ല. ഇവിടങ്ങളിൽ പകരം ചുമതല നല്‍കിയിരിക്കുകയാണ്. ഇതിനു പുറമേ എട്ട് ജോയിന്റ് ആര്‍ടിഒമാരുടെയും ഒഴിവുകളുണ്ട്. പകരം നിയോഗിച്ച ആര്‍ടിഒമാരുടെ സേവനം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ലഭിക്കുന്നത്.
വാഹന ഗതാഗതവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമെടുക്കുന്നത് ആർടിഎ യോഗത്തിലാണ്. സ്റ്റേജ് കാരിയേജ് ബസ് സര്‍വീസുകളുടെ സമയക്രമം, ടാക്സികളുടെ നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചു തീരുമാനങ്ങളെടുക്കുന്നതും ആര്‍ടിഎ ബോര്‍ഡിനു കീഴിലാണ്. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്വകാര്യബസുടമകളും വാഹനഡീലര്മാരുമാണ്. ബസുകള്‍ക്ക് സ്റ്റേജ് കാരിയേജ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും ചരക്കുവാഹനങ്ങളുടെ ദേശീയ പെര്‍മിറ്റുകള്‍ പുതുക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഇഴയുകയാണ്.
ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ മുന്നില്‍ക്കണ്ട് നിയമനം നടത്തുന്നതും പ്രമോഷന് നല്‍കുന്നതും വൈകുകയാണ്. പ്രമോഷന് ലിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഡിപ്പാര്‍ട്ട്മെന്റ് പ്രമോഷന് കമ്മിറ്റി (ഡിപിസി) ഇതുവരെ കൂടിയിട്ടുമില്ല.